പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കുന്നതിന് സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കുവാൻ കേരള പി.എസ്.സി. തീരുമാനിച്ചു.
ആനുകൂല്യത്തിന് അർഹതയുള്ളവരെ മെയിൻ ലിസ്റ്റിൽ ഇല്ലെങ്കിൽ സപ്ലിമെന്ററി
ലിസ്റ്റിൽ നിന്നായിരിക്കും എടുക്കുക. സപ്ലിമെന്ററി ലിസ്റ്റിലും മതിയായ എണ്ണം ഉദ്യോഗാർത്ഥികൾ
ഇല്ലെങ്കിൽ മെയിൻ ലിസ്റ്റിലെ ഓപ്പൺ ക്വാട്ടയിലുള്ളവർക്ക് അവസരം നൽകും.
ഉദ്യോഗ നിയമനത്തിലെ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം കേരള
സർക്കാർ 2020 ഒക്‌ടോബർ 23 ന് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഒക്‌ടോബർ 23
മുതൽ നിലവിലുള്ള എല്ലാ തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളിലും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി
പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ബാധകമാക്കാൻ കേരള പി.എസ്.സി. തീരുമാനിച്ചത്.
ഒക്‌ടോബർ 23 ന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടില്ലാത്ത
വിജ്ഞാപനങ്ങളിൽ അർഹമായ ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യം അവകാശപ്പെടുന്നതിന് ഓൺലൈൻഅപേക്ഷയിലും
പ്രൊഫൈലിലും ആവശ്യമായ ഭേദഗദികൾ വരുത്താൻ പി.എസ്.സി. അവസരം ഒരുക്കിയിരുന്നു.
നിലവിലുള്ള റിസർവേഷൻ, റൊട്ടേഷൻ ചാർട്ടനുസരിച്ച് 50 ശതമാനം ജനറൽ
കമ്മ്യൂണിറ്റികൾക്കും ബാക്കി 50 ശതമാനം, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന
സമുദായങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും അവരുടെ ജനസംഖ്യാ അടിസ്ഥാനത്തിൽ
വ്യത്യസ്ത ശതമാനത്തിലുമാണ്.
സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോൾ ജനറൽ കാറ്റഗറിയിലെ 50 ശതമാനത്തിൽ
നിന്നും 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് നൽകും. 100 എണ്ണം
വരുന്ന റൊട്ടേഷൻ ചാർട്ടിൽ ജനറൽ വിഭാഗത്തിന് 40 ശതമാനവും ജനറലിൽ സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്നവർക്ക് 10 ശതമാനവും സാമുദായിക പിന്നോക്ക സംവരണ വിഭാഗത്തിന് 50 ശതമാനവും എന്ന
നിലയിലായിരിക്കും നിയമനങ്ങൾ നടക്കുക.
സാമ്പത്തിക സംവരണം നടപ്പിൽ വരുമ്പോൾ ജനറൽ കാറ്റഗറിയിലെ ഒമ്പതാമത്തെ
ടേണുകളാണ് സാമ്പത്തിക സംവരണത്തിന് നൽകുന്നത്. 100 പേർ വരുന്ന മൊത്തത്തിലുള്ള റൊട്ടേഷൻ
ചാർട്ടിൽ ജനറൽ വിഭാഗത്തിലെ 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ടേണുകളാണ്
സാമ്പത്തിക റൊട്ടേഷനുകൾക്ക് ഉപയോഗിക്കുന്നത്.
സാമ്പത്തിക സംവരണം ലഭിക്കുവാൻ കുടുംബ വാർഷിക വരുമാനം 4 ലക്ഷത്തിൽ
അധികരിക്കരുത്. റേഷൻകാർഡ് അന്ത്യോദയ, അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്ക് മറ്റ് മാനദണ്ഡങ്ങൾ
പാലിക്കാതെ സംവരണം ലഭിക്കും.