പി.എസ്.സി. റാങ്ക് പട്ടികകളിൽ പ്രതീക്ഷിത ഒഴിവുകളുടെ എണ്ണത്തേക്കാൾ വളരെ കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്ന രീതി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ എച്ച്. സലാം എം.എൽ.എ. ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

Kerala PSC Method of preparing rank list will be changed

നിലവിലെ വ്യവസ്ഥകൾ പ്രകാരം മൂന്നു മുതൽ അഞ്ച് ഇരട്ടിവരെ ഉദ്യോഗാർത്ഥികളെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി ലഭ്യമാകില്ലെന്നും നീളംകൂടിയ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുന്നത് അനഭിലഷണീയമായ പ്രവണതകൾക്ക് വഴിവെക്കുകയും ഉദ്യോഗാർത്ഥികളെ ചൂഷണം ചെയ്യാൻ ഇടവരുത്തുകയും ചെയ്യുമെന്നും അതിനാൽ റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഒഴിവുകൾക്കും പ്രതീക്ഷിത ഒഴിവുകൾക്കും ആനുപാതികമായി പട്ടികയിൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തും സംവരണ തത്വങ്ങൾ കൃത്യമായി പാലിച്ചാകും ഇത് ചെയ്യുക.

ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് അനാവശ്യ പ്രതീക്ഷ നൽകുന്ന സാഹചര്യം ഉണ്ടാകില്ല. ഇക്കാര്യത്തിൽ വ്യക്തമായ ശിപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ ശിപാർശക്കനുസരിച്ചാകും തുടർനടപടികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും കൃത്യമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ നിയമന അധികാരികൾക്കും സർക്കാർ നിർദേശം നൽകും. സർക്കാർ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ ജീവനക്കാരേയും തസ്തികയേയും സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ എണ്ണം, വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനങ്ങൾക്കുള്ള തസ്തികകൾ എന്നീ വിവരങ്ങളാണ് ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഒഴിവുകളിലും പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുകയാണ് സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.