അടുത്തിടെ നടന്ന വിവിധ നിലവാരത്തിലുള്ള പ്രിലിമിനറി മെയിൻ പരീക്ഷകളിൽ നിന്നും വ്യക്തമാകുന്നത് പി.എസ്.സി. പരീക്ഷകൾ യു.പി.എസ്.സി., റെയിൽവേ, ബാങ്ക് റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യശൈലിയിലേക്ക് മാറിത്തുടങ്ങുന്നതായാണ്.
പി.എസ്.സി. പരീക്ഷകളിൽ കറക്കിക്കുത്തി ഉത്തരമെഴുതുന്നവർക്ക്
ഇനി റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ സാധിക്കില്ല എന്ന് ശരിവെക്കുന്ന ചോദ്യശൈലികളാണ് അടുത്തിടെ
കഴിഞ്ഞ വിവിധ നിലവാരത്തിലുള്ള പി.എസ്.സി. പരീക്ഷകളിൽ കാണാൻ സാധിച്ചത്.
സ്‌കൂൾ പാഠപുസ്തകങ്ങളും പത്രവും കൃത്യമായി വായിക്കുന്നവർക്കേ
ഇനി ഉന്നത റാങ്കുകൾ സ്വന്തമാക്കാൻ കഴിയൂ.
ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യോത്തരങ്ങൾ മാത്രം കാണാപാഠം പഠിച്ച്
പരീക്ഷയെ അഭിമുഖീകരിക്കുന്നവർ ഇനിയുള്ള പരീക്ഷകളിൽ പിന്തള്ളപ്പെട്ടുപോകാൻ സാധ്യതയുണ്ട്.
പരമ്പരാഗതമായി നടത്തി വന്ന പി.എസ്.സി. പരീക്ഷകളിൽ ഓർമ്മ പരിശോധനയ്ക്കായിരുന്നു
പ്രാധാന്യം നൽകിയിരുന്നതെങ്കിൽ പുതിയ രീതിയിൽ ഓർമ്മയ്‌ക്കൊപ്പം ക്രിയാത്മകരീതിയിൽ കാര്യങ്ങൾ
മനസ്സിലാക്കാനുള്ള കഴിവും പരിശോധിക്കപ്പെടുന്നു.
ലക്ഷക്കണക്കിന് അപേക്ഷകരിൽ നിന്ന് കുറച്ചുപേരെ ഒഴിവാക്കുവാനാണ്
പ്രാഥമിക പരീക്ഷ നടത്തുന്നത്. വിവിധ തസ്തികകൾക്ക് വ്യത്യസ്ത മെയിൻ പരീക്ഷയും ഓരോ തസ്തികകൾക്കും
ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടാകുമെന്നും നിലവിലുള്ള ഈ രീതി തുടരുമെന്നും
പി.എസ്.സി. വ്യകതമാക്കിയിട്ടുണ്ട്.
ഒരു ചോദ്യം നൽകിയിട്ട് അതുമായി ബന്ധപ്പെട്ട മൂന്നോ നാലോ പ്രസ്താവനകളും
കൂടി ഒപ്പം നൽകി അതിൽ നിന്ന് ശരിയായ പ്രസ്താവന അല്ലെങ്കിൽ തെറ്റായ പ്രസ്താവന കണ്ടെത്തുന്ന
രീതിയാണ് ഒന്ന്. കൂടാതെ ചേരുംപടി ചേർക്കുക, ശരിയായ അല്ലെങ്കിൽ തെറ്റായ ജോഡി കണ്ടെത്തുക
തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങളും കണ്ടുവരുന്നു.
അധികസമയം അനുവദിക്കാതെയും മുൻകൂട്ടി അറിയിക്കാതെയും പുതിയ രീതിയിലുള്ള
ചോദ്യങ്ങൾ പരീക്ഷകളിൽ ഉൾപ്പെടുത്തിയത് ഉദ്യോഗാർത്ഥികളിൽ ആശങ്കയുണ്ടാക്കിയിരുന്നു.
ഈ വിഷയം പി.എസ്.എസി. വിശദമായി ചർച്ചചെയ്തതിനെ തുടർന്നാണ് 2022 ഫെബ്രുവരി 1 മുതലുള്ള
മെയിൻ പരീക്ഷകൾക്ക് 15 മിനിറ്റ് അധിക സമയം അനുവദിച്ചത്.
നിലവിൽ മെയിൻ പരീക്ഷകൾക്ക് 75 മിനിറ്റാണ് അനുവദിച്ചിരുന്നത്
എന്നാൽ 2022 ഫെബ്രുവരി 1 മുതൽ 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ 90 മിനിറ്റായിരിക്കും
ഉണ്ടാവുക. എന്നാൽ പ്രിലിമിനറി പരീക്ഷകൾക്ക് നിലവിലുള്ള 75 മിനിറ്റ് സമയം തുടരും.
അധിക സമയം അനുവദിച്ചതോടെ പി.എസ്.സി. പരീക്ഷകളിലെ പുതിയ രീതി
തുടർന്നും സ്വീകരിക്കുമെന്ന് വ്യക്തമാകുകയാണ്.
പുതിയ രീതിയിലുള്ള ഇത്തരം ചോദ്യങ്ങളെ നേരിടാൻ ഗഹനമായ വായനയ്‌ക്കൊപ്പം പഠിക്കുന്ന പാഠഭാഗം ആശയക്കുഴപ്പം ഇല്ലാത്തവിധം പഠിച്ചുറപ്പിക്കാനും പരിശീലിക്കണം.
ഇതുമായി ബന്ധപ്പെട്ട്
ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങൾ :
“പ്രസ്താവന ക്വസ്റ്റിയൻ വായിച്ചു മനസ്സിലാക്കി വന്നപ്പോഴേക്കും Maths ന്റെ സമയം പോയിക്കിട്ടി.”
“ടൈം മാനേജ്‌മെന്റിൽ കൂടുതൽ ശ്രദ്ധിക്കണം. എല്ലാ വിഷയങ്ങളും കാണാതെ പഠിക്കാതെ മനസ്സിലാക്കി പഠിക്കണം.”
“വായിച്ചാൽ മനസിലാകുന്ന രീതിയിൽ ആ പ്രസ്താവനകൾ തന്നായിരുന്നേൽ കുറച്ചു എളുപ്പം ആകും... അധികം സമയവും പോകത്തില്ല..”
“പുതിയ പാറ്റേൺ ക്വസ്റ്റിയൻ എൽ.ഡി.സി. മോഡൽ ഒക്കെ പി.എസ്.സി. ബുള്ളറ്റിനിൽ കണ്ടു. ഡിഗ്രി ലെവൽ അത്തരം മോഡൽ അവർ തരേണ്ടതല്ലേ അല്ലെങ്കിൽ ഒരു മോഡൽ ക്വസ്റ്റിയൻ എങ്കിലും പി.എസ്.സി. സൈറ്റിൽ തരേണ്ടതല്ലേ. പെട്ടെന്ന് പാറ്റേൺ മാറിയത് ഭൂരിഭാഗം പേരേയും തളർത്തി. കട്ട് ഓഫ് കടന്നാലും മെയിൻ എക്‌സാമിനു യു.പി.എസ്.സി. എക്‌സാമിനു പഠിക്കുന്നവരോടാണ് മത്സരിക്കേണ്ടത്. സാധാരണക്കാർക്ക് അത് അഫോഡ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്.”
“ഇനി മുതൽ ഓപ്ഷൻ കണ്ടാൽ ആൻസർ കിട്ടുമെന്ന് വിചാരിച്ചു പോവേണ്ട. പഠിക്കുന്ന ഭാഗത്തെ കുറിച്ച് നല്ല ധാരണ വേണം എന്ന് മനസ്സിലായി. മാറ്റം ഉൾക്കൊള്ളുന്നു.”
“ഇത്തരം പ്രസ്താവന ചോദ്യങ്ങൾ വായിച്ച് ഉത്തരം കണ്ടെത്തുമ്പോൾ സമയം കൂടുതൽ വേണ്ടിവരും.”
“എത്ര ടൈം മാനേജ്‌മെന്റ് ഉള്ളവർക്കും ഇതു ഫുൾ അറ്റെൻഡ് ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം ഒന്നാമത് ടൈം മാനേജ്‌മെന്റ് ആണ് ഈ എക്‌സാമിന്റെ പ്രത്യേകത എങ്കിൽ ആദ്യം വേണ്ടത് ക്ലോക്ക് ആണ്. പിന്നെ സർപ്രൈസ് ക്വസ്റ്റിയൻപാറ്റേൺ തരരുത്. ഇനീപ്പോൾ അങ്ങനെ ആണെങ്കിൽ കുറച്ചു ക്വസ്റ്റിയൻസിൽ പരീക്ഷിക്കണമായിരുന്നു. എനിക്ക് Maths ഒന്നും വായിക്കാൻ പോലും ടൈം കിട്ടിയില്ല. 90% അറിയാവുന്നത് ആയിട്ടു പോലും. (ഡിഗ്രി ലെവൽ പ്രിലിമിനറിയെക്കുറിച്ച്)”
“പി.എസ്.സി. യുടെ മാറ്റം അസെപ്റ്റ് ചെയ്യാം. പക്ഷെ നേരത്തെ ഇൻഫോം ചെയ്യണമായിരുന്നു. ഇതിപ്പോൾ നല്ലോണം പ്രിപെയർ ചെയ്ത് എക്‌സാം എഴുതാൻ പോകുന്നവരും കുറച്ച് എന്തെങ്കിലും നോക്കി പോകുന്നവരും ഒരേ റേഞ്ച് ആകുന്നു. അത് സഹിക്കാൻ പറ്റില്ല. പ്രിപെയർ ചെയ്ത് പോകുന്ന കുട്ടിക്ക് ലോജിക് അപ്ലൈ ചെയ്യാൻ അറിയാത്തതല്ല, പക്ഷെ അവർക്ക് അങ്ങനെയുള്ള ക്വസ്റ്റിയൻസ് അറ്റൻഡ് ചെയ്യാൻ പേടി ആണ്. അങ്ങനെ അല്ലാത്ത ഒരു കുട്ടിക്ക് ചാൻസ് എടുക്കാം.”
“എല്ലാവരും പറഞ്ഞു മാറ്റം പെട്ടെന്നാണെന്ന്. പക്ഷെ കഴിഞ്ഞ കെ.എ.എസ്. എക്‌സാമിനു ശേഷം ബുള്ളറ്റിനിൽ സ്‌റ്റേറ്റ്‌മെന്റ് ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. പക്ഷെ പി.എസ്.സി. മെയിൻ പരീക്ഷകൾ നടത്താതെ പ്രിലിമിനറി നടത്തി അത് ഒബ്ജക്റ്റീവ് ടൈപ്പ് ആയിരുന്നതിനാൽ എല്ലാവരും മെയിനും അങ്ങനെ ആയിരിക്കുമെന്ന് കരുതി. അത് പി.എസ്.സി. യുടെ കുഴപ്പമല്ല നമ്മുടെ കുഴപ്പമാണ്. പിന്നെ എസ്.സി.ഇ.ആർ.റ്റി. പി.എസ്.സി. ചോദിക്കുന്നത് ഇപ്പോഴല്ല 2014 തൊട്ട് ചോദിക്കുന്നുണ്ട്.”
“ഉദ്യോഗാർത്ഥികളുടെ നിലവാരം അനുസരിച്ച് പി.എസ്.സി. ചോദ്യപേപ്പർ ഇടണം എന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് പി.എസ്.സി. യുടെ ചോദ്യപേപ്പർ നിലവാരത്തിലേക്ക് നമ്മൾ ഉയരേണ്ടിവരും. പിന്നെ എസ്.എസ്.സി. ഒക്കെ ഇതിലും കഷ്ടമാണ്, സമയം ഒരു വില്ലൻ ആണ് എസ്.എസ്.സി. പരീക്ഷകളിൽ. അത് വെച്ച് നോക്കുമ്പോൾ ഇത് എത്രയോ ഭേദം ആണ്.”
“ഈ മാറ്റം ഉൾക്കൊള്ളൂന്നു. പി.എസ്.സി. എങ്ങനെ ചോദിച്ചാലും നേരിടാൻ നമ്മൾ മനസ്സുകൊണ്ട് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഈ രീതിയും നോർമൽ പോലെ ആയി മാറും.”
“ഇനിയുള്ള പരീക്ഷകൾക്ക് എങ്ങനെ പ്രിപ്പെയർ ചെയ്യണം എന്നുള്ള കാര്യത്തിനു ഒരു ബെസ്റ്റ് ഗൈഡാണ് ഈ ക്വസ്റ്റിയൻപേപ്പർ (ഡിഗ്രി ലെവൽ പ്രിലിമിനറിയെക്കുറിച്ച്)”
“പരന്ന വായനയും, അറിവുമാണ് ഇനിയുള്ള പി.എസ്.സി. പരീക്ഷകൾക്ക് ആവശ്യം.”
“നമ്മൾ പഠിക്കുന്ന വിഷയം ആത്മാർഥതയോടും ആഴത്തിലും പഠിക്കുക. അടുത്ത എക്‌സാം എങ്ങനെ ആവും എന്നോർത്ത് ടെൻഷൻ അടിക്കാതെ പഠനം തുടരുക. പരിശ്രമിക്കുന്നവർക്ക് വിജയം ഉറപ്പായിരിക്കും.”