പ്രസ്താവന ചോദ്യങ്ങൾ കൂടുതലായി പി.എസ്.സി. പരീക്ഷകളിൽ ഇപ്പോൾ കടന്നുവരുനുണ്ട്. ഇവയെ നേരിടാൻ അധികസമയംആവശ്യമായി വരുന്നു. ഈ ആശങ്കയ്ക്ക് പരിഹാരമായാണ് പി.എസ്.സി. മെയിൻ പരീക്ഷകളുടെ സമയം ഒന്നരമണിക്കൂറായി വർധിപ്പിച്ചത്.
എന്നാൽ
പി.എസ്.സി. പരീക്ഷകളിൽ നേരിടുന്ന മറ്റൊരുപ്രശ്‌നം പരീക്ഷാഹാളിൽ സമയം അറിയാൻ സാധിക്കുന്നില്ല
എന്നതാണ്. കഴിഞ്ഞ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ടാണ്
പരീക്ഷാഹാളിനുള്ളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി വാച്ചും നിരോധിച്ചത്.
പരീക്ഷാഹാളിനുള്ളിൽ
ഇരിക്കുന്ന ഉദ്യോഗാർത്ഥിക്ക് സമയം അറിയാൻ സാധിക്കാത്തത് പ്രത്യേകിച്ച് പുതിയ ശൈലിയിലുള്ള
ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഈ സാഹചര്യത്തിൽ വലിയ സമ്മർദം ഉണ്ടാക്കുവാനിടവരും. കൃത്യമായ
ഇടവേളകളിൽ ബെല്ലടിക്കുന്നുണ്ടെങ്കിലും ഉദ്യോഗാർത്ഥികൾക്ക് സമയം ക്രമീകരിച്ച് ഉത്തരമെഴുതുവാൻ
പലപ്പോഴുംസാധിക്കാറില്ല. ചില ക്ലാസ്സ് മുറികളിൽ ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളത് അവിടെ
പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായകരമാകും എന്നാൽ ക്ലോക്കില്ലാത്ത ക്ലാസ് മുറികളിൽ
പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ സമയം ക്രമീകരിക്കാൻ ബുന്ധിമുട്ടുകയും ചെയ്യുന്നു.
എല്ലാ
ക്ലാസ്സ് മുറികളിലും ക്ലോക്ക് വയ്ക്കുക എന്നത് പി.എസ്.സി.യെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്നും
പരീക്ഷ സമയത്ത് കൃത്യമായ ഇടവേളകളിൽ ബെല്ലടിക്കുവാൻ പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന്
ഇതു സംബന്ധിച്ച കൃത്യമായ നിർദേശവും നൽകിയിട്ടുണ്ടെന്നും പി.എസ്.സി. വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്മാർട്ട്
വാച്ചുകളും ഡിജിറ്റൽ വാച്ചുകളും നിരോധിച്ചിട്ട് സാധാരണ വാച്ചുകൾ അനുവദിക്കണമെന്നാണ്
ഉദ്യോഗാർത്ഥികളുടെ ആവശ്യം.
ക്രമക്കേടിന്റെ ചെറിയ പഴുതുപോലും അവശേഷിപ്പിക്കാതെ പരീക്ഷ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാത്തരം വാച്ചുകൾക്കും പരീക്ഷാകേന്ദ്രത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പി.എസ്.സി. വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ ഉദ്യോഗാർത്ഥികൾ ബെൽ ശ്രദ്ധിച്ച് പരീക്ഷാ സമയം ക്രമീകരിക്കുവാൻ യതാർത്ഥപരീക്ഷയ്ക്കു മുൻപ് തന്നെ പരിശീലിക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട്
ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങൾ :
“ഞാൻ എക്‌സാം എഴുതിയ സ്‌കൂളിൽ കൃത്യമായി ബെൽ അടിച്ചു. കോമഡി എന്താണെന്ന് വച്ചാൽ ആ കേട്ട സൗണ്ട് സ്‌കൂളിലെ ബെൽ ആണെന്ന് ക്ലാസിൽ ആർക്കും മനസിലായില്ല. ക്ലോക്കും ഇല്ല, അത്യാവശ്യം നല്ലൊരു ബെൽ എങ്കിലും വാങ്ങി കെട്ടി തൂക്കി കൂടെ ഇവർക്ക് എന്ന് തോന്നിപ്പോയി. ക്ലോക്ക് ഉള്ള ക്ലാസ്സും ഉണ്ട് ഇല്ലാത്ത ക്ലാസ്സും ഉണ്ട്. അത് എന്തൊരു വിവേചനം ആണ്?”
“ക്ലാസ്സിൽ ഒരു ക്ലോക്ക് ഉണ്ടായിരുന്നെങ്കിൽ 5 മാർക്ക് എക്‌സ്ട്രാ കിട്ടുമായിരുന്നു. എന്നാൽ പുറത്തു വന്നപ്പോൾ അറിഞ്ഞത് കുറച്ച് ക്ലാസ്സിൽ ക്ലോക്ക് ഉണ്ടായിരുന്നു എന്നാണ്. അത് അൺ ഇക്വൽ ആയിപ്പോയി.”
“ഹാളിലെ ക്ലോക്ക് വർക്ക് അല്ലായിരുന്നു. പക്ഷെ ആ ടീച്ചർ ഇടയ്ക്കിടെ സമയം പറഞ്ഞു തന്നു. നല്ല ടീച്ചർ”
“ഇതൊക്കെ എഴുതണമെങ്കിൽ സമയം വേണം അപ്പോൾ മനസ്സും മനസ്സാന്നിധ്യവും വരും. എക്‌സാം ഹാളിൽ ക്ലോക്ക് പോലും ഇല്ല. (2021 ഡിഗ്രി ലെവൽ പ്രിലിമിനറിയെക്കുറിച്ച്)”
“കുറച്ചു കൂടെ സമയം കിട്ടിയിരുന്നെങ്കിൽ മാർക്ക് കുറച്ചുകൂടി കിട്ടുമായിരുന്നു. ടെൻഷൻ കൊണ്ട് അറിയാവുന്ന കൂടി തെറ്റിച്ചു. പക്ഷെ ഇതെല്ലാം പോസിറ്റീവ് ആയി കണ്ട് ശ്രമം തുടരുക തന്നെ ചെയ്യും.”
“സമാധാനപരമായി ക്വസ്റ്റിയൻ പേപ്പർ നോക്കാൻ കഴിയാതിരിക്കുന്നത് സമയക്കുറവ് മൂലമാണ് . ടെൻഷൻ ഒരു ഘടകം ആയിരുന്നില്ല എനിക്ക്. അറിയാവുന്നതു പോലും എഴുതാൻ സമയം കിട്ടിയില്ല.”
“എസ്.എസ്.സി. എക്‌സാംസ് എഴുതി നോക്കണം. മാക്‌സ്+റീസണിംഗ്+ഇംഗ്ലീഷ് 75 ക്വസ്റ്റിയൻസ് ഉണ്ട്. അതും പി.എസ്.സി. പോലെ സിമ്പിൾ മാക്‌സ് അല്ല. പ്ലസ്റ്റു ലെവൽ എക്‌സാംസ് ആണു ഇങ്ങനെ എസ്.എസ്.സി. യിൽ. അവിടെ 1 മണിക്കൂറെ ഉള്ളൂ. പി.എസ്.സി. സമയമൊക്കെ അധികമാണ്. കോംപറ്റീറ്റീവ് എക്‌സാം ആണ് ഇതെന്ന് മനസിലാക്കണം.”
“ഒരു മത്സര പരീക്ഷയാണ്, അപ്പോൾ അവിടെ ഉളള സമയം കൊണ്ട് നല്ല രീതിയിൽ എഴുതുന്നവർ തന്നെ മുന്നിലെത്തും. അവർക്ക് ഒരു പക്ഷെ മാർക്ക് കുറവായിരിക്കും. എന്നാൽ അത് ഈ സമയം ഇല്ലാ എന്നും പറഞ്ഞു ടെൻഷൻ അടിച്ചു ഇരിക്കാതിരുന്നതുകൊണ്ട് അവരേക്കാൾ മാർക്ക് കാണും. റാങ്ക് കിട്ടും.”
“എക്‌സാം ടൈം കൂട്ടണമെന്ന് ചിലരൊക്കെ പറയുന്നെതെന്തിനാ എല്ലാവർക്കും ഒരേ സമയം തന്നെ അല്ലേ?
"എല്ലാവർക്കും ഉള്ള സമയം തന്നെ എനിക്കും ഉള്ളൂ എന്ന ബോധ്യം ഉണ്ട്.”
“പി.എസ്.സി. ക്ക് എന്തൊക്കെ കുറവുകൾ ഉണ്ടായാലും ക്ലോക്ക് ഉണ്ടായാലും ഇല്ലെങ്കിലും പരീക്ഷകൾ നടക്കുന്നു. റാങ്ക് ലിസ്റ്റ് വരുന്നു. അതിൽ നല്ല മാർക്ക് വാങ്ങിയ ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്നു. കുറവുകൾ ഒന്നും അവരെ ബാധിക്കുന്നില്ല. അവർ ജോലിക്ക് കയറുന്നു. അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു. അവർക്ക് ഒപ്പം എത്താൻ പറ്റാത്തവർ പി.എസ്.സി. യെ ചീത്ത വിളിക്കുന്നു. ബുദ്ധിമുട്ടുകൾ പറയുന്നു, വിഷമിക്കുന്നു ഇതല്ലെ സത്യം.”